ഏകാകിനിയുടെ മൗനം
സ്വപ്നങ്ങൾ വിതുമ്പുമീ
സായം സന്ധ്യയി–
ലേകയായ് നിശ്ശബ്ദയായ്
അണയും പൈങ്കിളി
പറയൂ നിൻ ദുഃഖഗാഥ
കേൾക്കട്ടെ ഞാനീ ശപ്ത –
ജീവിത ത്തിരക്കിനിടയിലും
കരഞ്ഞുകലങ്ങിയ
മിഴിയും മനസ്സുമായ്
ഈ ദുഃഖ തുരുത്തിലേകയായ്
തേങ്ങുമെൻ ഹൃദയത്തുടിപ്പുകൾ
തപ്ത നൊമ്പര നിശ്വാസങ്ങൾ
ഇടറും നിമേഷങ്ങൾ
വയസ്സൻ നാഗം പോലെ
ഇഴയും ദിവസങ്ങൾ
വേദന ചുരത്തുന്നു
വാക്കുകൾ വിഷമയമേറിയ
കൂരമ്പുകൾ തറച്ചു തളരുന്നു
ഹൃത്തടം പിളരുന്നു
തേങ്ങുമീ ഹൃദന്തത്തിൽ
പൊള്ളുന്ന തീ നോവുകൾ
ആരോടു ചൊല്ലട്ടെ ഞാൻ
തുടിക്കും മനസ്സുമായ്
പറയാം വരിക നീ
സ്വാന്തനം തൂവുന്ന ഹൃത്തുമായ്
പക്ഷേ വാക്കുകൾ കൺഠ–
നാളത്തിൽ ദുഃഖമായുറയുന്നു
തേങ്ങലായ് നിറയുന്നു
വേദന വിതുമ്പുന്നു
ധാരയായ് പൊഴിയുമീ
മിഴിനീരിൻറെ പ്രളയത്തിൽ
വേദന അലിയട്ടെ
ആശ്വാസം കൊള്ളട്ടെ ഞാൻ
മോഹങ്ങൾ മരിക്കുമീ
മൂകമാംഇരുളിൽ ഞാൻ
ഏകയായ് മരുവുമ്പോൾ
തേടുന്നു മാത്രകളിൽ
ശാന്തിതൻ തീരങ്ങളെ
കാലത്തിൻ രഥചക്ര –
ക്കീഴിലായമരുന്നു
നിമിഷദലങ്ങളും
സംവത്സരങ്ങളും
എങ്കിലുംഹൃദയത്തിൻ
ഉണങ്ങാമുറിവിൽ
നിന്നൊഴികിനിറയുന്നു ചുടു
നിണത്തിനരുവിഎൻ
ജീവിതവീഥിയാകെ
മൊഴിയൂ പൈങ്കിളീ നിൻ
മൊഴിയാൻ കഴിയാത്ത
വേദനയെന്തു ചൊല്ലു
നിൻ ഭാഷ എനിക്കിന്നു
അത്രമേൽ പരിചിതം
വിതുമ്പും ഹൃദയത്തിൻ
ഭാഷക്കെന്നുമെന്നും
ഭാവമതൊന്നേയുള്ളൂ
— ജാൻസി പൊറിഞ്ചു